കാർ വീടാക്കിയൊരുക്കി ലോകംചുറ്റുന്ന വിദേശ യുവദമ്പതികൾ കേരളീയരുടെയും മനം കവരുന്നു. ഓസ്ട്രേലിയൻ സ്വദേശി 36 വയസുകാരനായ മാറ്റിഫെർനോണും 31 വയസുകാരി ബ്രസീലിയൻ സ്വദേശിനി നിക്കോലിയുമാണ് കാറിൽ ലോകം ചുറ്റി വൈക്കത്ത് എത്തിയത്.
മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദധാരിയായ മാറ്റിക്ക് ലണ്ടനിൽ റസ്റ്ററന്റുണ്ട്. 40 രാജ്യങ്ങൾ ഇതിനകം ചുറ്റിക്കണ്ടു. ഒരു യാത്രയ്ക്കിടയിലാണ് മാർക്കറ്റിംഗിൽ ബിരുദധാരിയായ നിക്കോലിയെ പരിചയപ്പെട്ടത്. സൗഹൃദം പ്രണയത്തിലേക്കു വഴിമാറിയതോടെ 2024 ഒക്ടോബറിൽ ഇരുവരും ലോകം ചുറ്റാൻ കാറിലേറി.
മാറ്റി ഇതിനായി തന്റെ ടൊയോട്ട ലാൻഡ് ക്രൂയിസർ 78 സീരിയസിൽ ആവശ്യമായ ക്രമീകരണം വരുത്തി. ഭക്ഷണം പാകം ചെയ്യാനും കുളിക്കാനും ഉറങ്ങാനുമൊക്കെ സൗകര്യമൊരുക്കി. മുകളിൽ സോളാർ പാനൽ സ്ഥാപിച്ചു.
ഓസ്ട്രേലിയയിലെ മെൽബൺ തുറമുഖത്തുനിന്നു കപ്പലിലാണ് ഇന്ത്യയിലെത്തിയത്. കേരളത്തിലെത്തിയ ശേഷം കണ്ണൂരും വയനാടും ചുറ്റിക്കറങ്ങി. വയനാട്ടിലെ വട്ടക്കര ഗ്രാമത്തിലെത്തിയപ്പോൾ പ്രദേശവാസികളായ ദിയാൻ, രാഹുൽ എന്നിവരെ പരിചയപ്പെട്ടു.